നബി(സ) നമസ്കരിച്ചതും ഉമര്‍ (റ) കല്‍പ്പിച്ചതുമായ 11 വിത്ര്‍ മാത്രമാണോ ?


നബി(സ) നമസ്കരിച്ചതും ഉമര്‍ കല്‍പ്പിച്ചതുമായ 11 വിത്ര്‍ മാത്രമാണോ ?അങ്ങിനെയാണെന്ന് ചിലര്‍ പറയാറുണ്ട്. ഈ വാദം ബാലിശമാണെന്ന് മാത്രമല്ല തനി പൊള്ളയുമാണ്. ഇമാം ബുഖാരിയും മറ്റു അസ്ഹാബുസ്സുനനും റിപ്പോര്‍ട്ട് ചെയ്ത ആയിശാ (റ)യുടെ 11 റക്അത്തിന്‍റെ ഹദീസ് തന്നെയെടുക്കുക.


......يصلي أربعاًً فلا تسأل عن حسنهن وطولهن ثم يصلي أربعاًً فلا تسأل عن حسنهن وطولهن ثم يصلي ثلاثاًً قالت عائشة : فقلت : يا رسول الله أتنام قبل أن توتر فقال : يا عائشة : أن عيني تنامان ولا ينام قلبي -رواه البخارى, فتح البارى 4      251


ഈ ഹദീസില്‍, 'വിതറിന് മുന്‍പ് തിരുമേനി ഉറങ്ങുകയോ ?' എന്ന ആയിശാ(റ)യുടെ ചോദ്യം ഒന്നുകില്‍ 11 റക്അത്തും നമസ്കരിച്ചതിനു ശേഷമായിരിക്കണം. അങ്ങിനെയാണെങ്കില്‍ നമസ്കരിച്ച പതിനൊന്നും വിത്ര്‍ അല്ലെന്നും തറാവീഹോ തഹജ്ജുദോ ആണെന്നും നബി(സ) സമ്മതിച്ചതായി വരും അല്ലെങ്കില്‍ അവസാനത്തെ 3 റക്അത്ത് വിത്ര്‍ നമസ്കരിക്കുന്നതിന്‍റെ മുമ്പാണ് ആയിശ(റ) ചോദിച്ചത് എന്ന് വന്നേക്കാം. അപ്പോള്‍ മുന്‍പ് നമസ്കരിച്ച 8 വിത്ര്‍ അല്ലെന്നു വരുന്നു. എങ്ങനെ നോക്കിയാലും ഈ 11 റക്അത്തുകളത്രയും ഖിയാമുല്ലൈല്‍ കൂടാതെ വിത്ര്‍ മാത്രമാണെന്ന് സമ്മതിക്കാവതല്ല. ഈ പതിനൊന്നും നമസ്കരിക്കുന്നതിന്നു മുന്‍പാണ് ആയിശാ(റ) ചോദിച്ചതെന്ന് കുബുദ്ധികള്‍ പോലും വാദിക്കുമെന്നു തോന്നുന്നില്ല.

എന്നാല്‍ ആയിശാ(റ) വിത്റിന് മുന്‍പ് ഉറങ്ങുകയോ എന്ന് ചോദിച്ചത് 8 റക്അത്ത് കഴിഞ്ഞ ഉടനെയാണെന്ന് താഴെയെഴുതുന്ന തെളിവുകളില്‍ നിന്ന് വ്യക്തമാകും.


قال ابن عبد البر فى هذا الحديث تقديم وتأخير لان السؤال بعد ذكر الوتر ومعناه أنه كان ينام قبل صلاته وهذا يدل على أنه كان يقوم ثم ينام ثم يقوم ثم ينام ثم يقوم فيوتر ، ولذا جاء الحديث : " أربعا ثم أربعا ثم ثلاثا " أظن ذلك ، والله أعلم ، من أجل أنه كان ينام بينهن فقال : أربعا ثم أربعا تعني بعد نوم ثم ثلاث بعد نوم ولذا قالت : أتنام قبل أن توتر ؟ وقد قالت أم سلمة : " كان يصلي ثم ينام قدر ما صلى ثم يصلي قدر ما ينام ثم ينام قدر ما صلى "الحديث ، يعني فهذا شاهد لحمل خبر عائشة على ما ذكر - شرح الزرقانى على الموطا  243:1

ഇബ്നു അബ്ദില്‍ ബര്‍റ് പറയുന്നു: ഈ ഹദീസില്‍ ആദ്യത്തെ സംഭവത്തെ പിന്തിക്കലും അവസാനത്തെ സംഭവത്തെ മുന്തിക്കലുമുണ്ട്. എന്ത് കൊണ്ടെന്നാല്‍ വിത്റിനെ പറ്റി പറഞ്ഞതിന് ശേഷമാണ് വിത്റിനു മുന്‍പ് ഉറങ്ങുന്നുവോ എന്ന് ആയിശ (റ) ചോദിക്കുന്നത്. ഇതിന്‍റെ അര്‍ഥം വിത്റിന് മുന്‍പ് നബി(സ) ഉറങ്ങാറുണ്ടായിരുന്നുവെന്നാണ്. അപ്പോള്‍ ഈ ഹദീസില്‍ നിന്ന് നബി(സ) നമസ്കരിക്കും, പിന്നെ ഉറങ്ങും, പിന്നെയും നമസ്കരിക്കും, പിന്നെയും ഉറങ്ങും, പിന്നെ എഴുന്നേറ്റ് വിത്ര്‍ നമസ്കരിക്കും എന്ന് മനസ്സിലാക്കാം. അത് കൊണ്ട് തന്നെയാണ് 4 റക്അത്തിന്‍റെ വിശദീകരണവും പിന്നീട് 4 റക്അത്തിന്‍റെ വിശദീകരണവും പിന്നീട് 3 റക്അത്തിന്‍റെ വിശദീകരണവും ആയിശ(റ) നല്‍കിയത്. അപ്പോള്‍ നന്നാലു റക്അത്തുകളുടെ ഇടയില്‍ നബി(സ)  ഉറങ്ങാറുണ്ടായിരുന്നുവെന്നും അവസാനത്തെ 3 റക്അത്തിന്‍റെ മുന്‍പ് വിത്ര്‍ നമസ്കരിക്കാതെ ഉറങ്ങുകയാണോ എന്ന് ആയിഷ്‌(റ) ചോദിച്ചതെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഉമ്മു സലമ ഇപ്രകാരം വിവരിച്ചിട്ടുണ്ട്. നബി(സ) നമസ്കരിക്കും, പിന്നീട് നമസ്കരിച്ചത്ര ഉറങ്ങും, പിന്നീട് ഉറങ്ങിയത്ര നമസ്കരിക്കും, പിന്നെയും നമസ്കരിച്ചത്ര ഉറങ്ങും. അപ്പോള്‍ ആയിശ(റ)യുടെ 11 റക്അത്തിന്‍റെ ഹദീസില്‍ വിത്റിന് മുന്‍പ് ഉറങ്ങുകയോ എന്ന് ചോദിച്ചത് അവസാനത്തെ മൂന്ന് റക്അത്തിന്‍റെ മുന്‍പാണെന്നതിന് ഉമ്മുസലമയുടെ ഈ ഹദീസ് തെളിവാകുന്നു. 

ഈ പതിനൊന്ന് വിത്ര്‍ മാത്രമല്ലെന്ന് ആയിശ(റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു.

عن عائشة (ر) قالت كان النبي صلعم يصلى من الليل ثلاث عشرة ركعة منها الوتر وركعتا الفجر - رواه البخارى, فتح البارى  20:3

ആയിശ(റ) പറയുന്നു നബി(സ) രാത്രിയില്‍ 13 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. ആ പതിമൂന്നില്‍ വിത്റും സുബ്ഹിയുടെ 2 റക്അത്തും സുന്നത്തും ഉള്‍പ്പെടും.

നബി(സ) ഇശാഇന്‍റെയും സുബ്ഹിന്‍റെയും ഇടയില്‍ നമസ്കരിച്ച റക്അത്തുകളുടെ എണ്ണം ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിച്ചതില്‍ പതിനൊന്നും പതിമൂന്നും വന്നിട്ടുണ്ട്. ഇവയെല്ലാം വിത്ര്‍ മാത്രമാണെന്ന് വാദിക്കുകയാണെങ്കില്‍ നബി(സ) ഖിയാമുല്ലൈല്‍ നിര്‍വഹിക്കാറില്ലെന്ന് വരും. ഖിയാമുല്ലൈല്‍ തിരുമേനി പതിവാക്കിയിരുന്നുവെന്നു പരിശുദ്ധഖുര്‍ആനും ധാരാളം ഹദീസുകളും പറയുന്നു. വിത്ര്‍ അല്ലാതെ നബി(സ) നമസ്കരിചിട്ടില്ലെന്നു വാദിക്കാന്‍ ആര്‍ക്കാണ് ധൈര്യം  വരിക? എന്നാല്‍ നബിയുടെ രാത്രി നമസ്കാരത്തിന്, അവസാനം ഒറ്റയാകുന്നു എന്നാ കാരണത്താല്‍, ഒന്നായി വിത്റ് എന്നും പറയാറുണ്ട്. ഇതിന്‍റെ അര്‍ത്ഥം നബി(സ) നമസ്കരിച്ച പതിമൂന്നും പതിനൊന്നും ഖിയാമുല്ലൈല്‍ കൂടാതെയുള്ള വിത്ര്‍ മാത്രമാണ് എന്നല്ല. ഇമാം തുര്‍മുദി ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക.

وقد روى عن النبى صلى الله عليه وسلم الوتر بثلاث عشرة واحدى عشرة وتسع وسبع وخمس وثلاث وواحدة قال اسحاق بن ابراهيم معنى ماروى ان النبى صلى الله عليه وسلم كان يوتر بثلاث عشرة قال انما معناه انه كان يصلى من الليل ثلاث عشرة ركعة مع الوتر فنسبة صلاة الليل الى الوتر وروى فى ذلك حديثا عن عائشة واحتج بما روح عن النبى صلى الله عليه وسلم قال أوتروا يا أهل القرآن قال انما عنى به قيام الليل يقول إنما قيام الليل على اصحاب القرآن - جامع الترمذى  20:1

ഇമാം തുര്‍മുദി പറയുന്നു: നബിയില്‍ നിന്ന് 13 റക്അത്ത് വിത്ര്‍ നമസ്കരിച്ചുവെന്നും 5 നമസ്കരിച്ചുവെന്നും 3 നമസ്കരിച്ചുവെന്നും 1 നമസ്കരിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ) 13 റക്അത്തു കൊണ്ട് വിത്ര്‍ നമസ്കരിച്ചുവെന്നതിന്‍റെ ഉദ്ദേശം വിത്റടക്കം 13 റക്അത്ത് നമസ്കരിച്ചു എന്നാണെന്നാണ് ഇസ്ഹാക്കിബ്നു ഇബ്രാഹീം പറയുന്നത്. അങ്ങിനെ സ്വലാത്തുല്ലൈലും കൂടി വിത്റിലേക്ക് കൂട്ടി പറഞ്ഞതാണ്. ഈ വിഷയത്തിന് തെളിവായി ആയിശാ (റ) യില്‍ നിന്നുള്ള ഒരു ഹദീസും അദ്ദേഹം ഉദ്ധരിക്കുന്നു. ഖുര്‍ആന്‍ മനപ്പാഠമാക്കിയവരേ!  നിങ്ങള്‍ വിത്ര്‍ നമസ്കരിക്കുവിന്‍.. എന്നിപ്രകാരം നബിയില്‍ നിന്നുദ്ധരിക്കപ്പെട്ട ഹദീസിന്‍റെ ഉദ്ദേശ്യവും ഖിയാമുല്ലൈല്‍ ആണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഇതില്‍ നിന്ന് 13, 11 എന്നീ റക്അത്തുകള്‍ കൊണ്ട് വിത്ര്‍ നമസ്കരിച്ചു എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം വിത്ര്‍ അടക്കമുള്ള ഖിയാമുല്ലൈല്‍ ആണെന്ന് തെളിയുന്നു.


No comments:

Post a Comment