ഖിയാമു റമദാന്‍ തന്നെ തറാവീഹ്

ഇത് വരെ ഖിയാമു റമദാന്‍ എന്ന പദപ്രയോഗത്തിലൂടെയാണ് നാം തറാവീഹിനെ പരിചയപ്പെടുത്തിയത്. ഹദീസ് ഗ്രന്ഥങ്ങളിലും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ പ്രയോഗം തന്നെയാണ്  കാണുക. മാത്രമല്ല നബി(സ)യും സഹാബികളും ഇതേ പ്രയോഗത്തിലൂടെയാണ് തറാവീഹിനെ പറ്റി പ്രതിപാദിച്ചതും, എങ്കില്‍ പിന്നെ തറാവീഹ് എന്ന പദപ്രയോഗം എങ്ങിനെയാണ് വന്നത്?

حافظ بن حجر العسكلانى അദ്ദേഹത്തിന്‍റെ فتح البارى യില്‍ പറയുന്നു.

سمعت الصلاة فى الجماعة فى ليالى رمضان التراويح لانهم اول ما اجتمعوا عليها كانوا يستريحون بين كل تسليمتين - فتح البارى  خ :2  ص :25 

'റമദാനിലെ രാത്രികളില്‍ സംഘമായി നടത്തുന്ന നമസ്കാരത്തിന് തറാവീഹ് എന്ന് പറയപ്പെട്ടു. എന്തുകൊണ്ടെന്നാല്‍ തറാവീഹിന്നായി അവര്‍ ആദ്യം ഒരുമിച്ചു കൂടിയപ്പോള്‍ എല്ലാ ഈരണ്ട് സലാമുകള്‍ക്കിടയിലും അല്‍പ്പം വിശ്രമിക്കാറുണ്ടായിരുന്നു.' 

ഇതേ പോലെത്തന്നെ ഇമാം നവവി പറയുന്നു:
والمراد بقيام رمضان صلاة التراويح - شرح مسلم  ج :1  ص :159
'ഖിയാമു റമദാന്‍ കൊണ്ടുള്ള ഉദ്ദേശം താറാവീഹ് നമസ്കാരമാകുന്നു'

ഇമാം ബുഖാരി (റ) മേല്‍ വിവരിച്ച ഖിയാമു റമദാനിന്‍റെ ഹദീസും ഇനി വിവരിക്കാന്‍ പോകുന്ന ഉമര്‍ (റ) വിന്‍റെ സംഭവവും ഉദ്ധരിച്ചിട്ടുള്ളത്كتاب صلات التراويح എന്ന അദ്ധ്യായത്തിലാണ്.

 മറ്റു  ഹദീസുകളും ഫുകഹാക്കളും തറാവീഹ് സുന്നത്താണ് എന്നതിന് ഉദ്ധരിക്കുന്ന ഹദീസുകളും ഖിയാമുറമദാന്‍റെ ഹദീസുകള്‍ തന്നെയാണ്. തറാവീഹ് എന്ന പേര്‍ നബി (സ) യുടെ കാലത്ത് ഉപയോഗിച്ചിരുന്നില്ലെന്നും ആ പേര്‍ പിന്നീട് വന്നതാണെന്നും ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ. ഇനിയും ശ്രദ്ധിക്കുക:
والاصح (ان الجماعة تسن فى التراويح) والاصل فيها ما روى الشيخان عن عائشة رضى عنها انه صلى الله عليه وسلم خرج من جوف اليل ليالى من رمضان وصلى فى المسجد وصلى الناس بصلاته - شرح المنهاج للمحلى   ج :1   ص :218

ഇമാം മഹല്ലി അദ്ദേഹത്തിന്‍റെ ശറഹുല്‍ മിന്‍ഹാജിലും ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ദേഹത്തിന്‍റെ തുഹ്ഫയിലും മറ്റു മദ്ഹബിലെ ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളിലും താറാവീഹ് സുന്നത്താണെന്നതിന് ഉമര്‍   (റ) ന്‍റെ കാലത്ത് നടന്ന ഖിയാമു റമദാനിന്‍റെ ഹദീസും നബി(സ) മൂന്ന് രാത്രികളില്‍ ഖിയാമു റമദാന്‍ നടത്തിയെന്നു പറയുന്ന ഹദീസുകളും തന്നെയാണ് തെളിവായി കൊണ്ട് വന്നിട്ടുള്ളത്. ഇമാം മഹല്ലിയുടെ വാചകം ശ്രദ്ധിക്കുക:

'പ്രബലമായ അഭിപ്രായം താറാവീഹിന് സംഘം ചേര്‍ന്നു നമസ്കരിക്കല്‍ സുന്നത്താണ് എന്നാകുന്നു. ഇതിനുള്ള തെളിവ് ആയിശ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസാണ്.....'

അപ്പോള്‍ നബി(സ)യുടെയും സഹാബത്തിന്‍റെയും കാലത്ത് നടന്ന ഖിയാമു റമദാന്‍ ആണ് പിന്നീട് തറാവീഹ് എന്ന പേരില്‍ അറിയപ്പെട്ടത് എന്ന് വളരെ വ്യക്തമായി.  ഈ നിലക്ക്, ഖിയാമു റമദാനെ സംബന്ധിക്കുന്ന എല്ലാ ഹദീസുകളും മറ്റു തെളിവുകളും തറാവീഹിന്ന് ബാധകമായിരിക്കുമെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.