പതിനൊന്ന് റക്അത്താണ് സുന്നത്ത്

നബി(സ) റമദാനിന്‍റെ മൂന്ന് രാത്രികളില്‍ പള്ളിയില്‍ നിന്ന് ഇമാമായി തറാവീഹ് നമസ്കരിക്കുകയും സഹാബത്തുല്‍ കിറാം തിരുമേനിയെ തുടരുകയും ചെയ്ത സംഭവം വിവരിച്ചു കഴിഞ്ഞു. മേല്‍ എഴുതിയ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ തിരുമേനി എത്ര റക്അത്ത് നമസ്കരിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ റക്അത്തുകളുടെ എണ്ണത്തെ പറ്റി പരിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക.
عن أبي سلمة بن عبد الرحمن أنه أخبره أنه سأل عائشة رضي الله عنها كيف كانت صلاة رسول الله صلى الله عليه وسلم في رمضان فقالت ما كان يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي ثلاثا، فقلت: يا رسول الله، أتنام قبل أن توتر. قال: " يا عائشة، إن عيني تنامان، ولا ينام قلبي  -  بخارى  ج:4  ص-251
'അബൂസലമതുബ്നു അബ്ദുറഹിമാന്‍ ആയിഷ(റ)യോട് നബി(സ)യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. ആയിഷ(റ) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും തിരുമേനി പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിചിരുന്നില്ല. നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? തിരുമേനി പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല.
ഈ ഹദീസും നബി(സ) മൂന്ന് ദിവസം പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്കരിച്ചു എന്ന ആദ്യത്തെ റിപ്പോര്‍ട്ടും മുമ്പില്‍ വച്ച് പരിശോദിച്ചാല്‍ താഴെ കൊടുക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം.
1)    ഈ രണ്ടു സംഭവവും റിപ്പോര്‍ട്ട് ചെയ്തത് ആയിശ(റ)യാണ്. അപ്പോള്‍ ഈ വിഷയവുമായി ആയിശ(റ) ക്ക് നല്ല പരിചയവും അറിവുമുണ്ട്.
2)    നബി(സ)യുടെ രാത്രി നമസ്കാരത്തെ സംബന്ധിച്ച് അന്വേഷിച്ച അബൂസലമത്ത് ഒരു താബിഅ് ആയിരുന്നു. ഇദ്ദേഹം നബി(സ)യെ കണ്ടിട്ടില്ല.
3)    നബി(സ)യുടെ റമദാനിലെ രാത്രിനമസ്കാരത്തെ സംബന്ധിച്ച്(റക്അത്തിനെ പറ്റി) ആണ് അദ്ദേഹം അന്വേഷിച്ചത്.
4)    നബി(സ)യുടെ ഖിയാമുറമദാനിന്‍റെ റക്അത്തുകളുടെ എണ്ണം പതിനൊന്നില്‍ കൂടുതല്‍ ആവാറുണ്ടായിരുന്നില്ല.
അപ്പോള്‍ നബി(സ)യുടെ ഖിയാമുറമദാനിനെ കുറിച്ചറിയുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ആയിശ(റ)യോട് തിരുമേനിയുടെ അന്ത്യവിയോഗത്തിനു ശേഷം ഒരു താബിഅ് ആയ അബൂസലമത്ത് അന്വേഷിച്ചപ്പോള്‍ അവര്‍ കൊടുത്ത പതിനൊന്നിനേക്കാള്‍ അധികരിപ്പിക്കാറില്ല  എന്ന മറുപടിയില്‍ നിന്ന് പള്ളിയില്‍ വച്ച് നമസ്കരിച്ച മൂന്ന് ദിവസത്തെ നമസ്കാരവും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിച്ചിട്ടില്ലെന്ന് വ്യക്തമാവുന്നു. നബി(സ)യുടെ മരണം വരെ ഇതിനേക്കാളധികം ആയിശ(റ)യുടെ അറിവോട് കൂടി നമസ്കരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ മറ്റു തെളിവുകളുടെ ആവശ്യം ഇനിയില്ലല്ലോ.
പ്രസ്തുത മൂന്ന് ദിവസത്തെ നമസ്കാരം പതിനൊന്ന് റക്അത്ത് തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു ഹദീസ് കാണുക
ജാബിര്‍(റ) ഉദ്ധരിക്കുന്നു. റമദാന്‍ മാസത്തില്‍ നബി(സ) എട്ട് റക്അത്തും വിത്റും ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. അടുത്ത രാത്രിയില്‍ ഞങ്ങള്‍  പള്ളിയില്‍ ഒരുമിച്ചു കൂടി നബി(സ)ഞങ്ങളുടെ അടുത്തേക്ക് പുറപ്പെടുമെന്ന് ഞങ്ങളാശിച്ചു. പ്രഭാതം വരെ തിരുമേനി പുറപ്പെട്ടില്ല. പിന്നീട് ഞങ്ങള്‍ നബിയുടെ അടുത്ത് ചെന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്നു. അവിടുന്ന് ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമെന്നു ഞങ്ങളാഗ്രഹിച്ചു. നബി(സ) പറഞ്ഞു. ഇത് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപെടുമെന്ന് ഞാന്‍ ഭയന്നു. ഈ ഹദീസ് അബൂയഅ്ലയും ത്വബ്റാനിയും റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രസ്തുത പരമ്പരയില്‍ ഈസബ്നു ജാരിയ്യഃ എന്നൊരു റിപ്പോര്‍ട്ടര്‍ ഉണ്ട്. അദ്ദേഹം യോഗ്യനാണെന്ന് ഇബ്നു ഹിബ്ബാനും അല്ലാത്തവരും സ്ഥാപിച്ചിരിക്കുന്നു. ഇബ്നു മഈന്‍ അദ്ദേഹം അയോഗ്യനാണെന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഈസബ്നു ജാരിയ്യത്തിനെ കുറിച്ച് അഭിപ്രായഭിന്നതയുണ്ടെങ്കിലും സ്വഹീഹാണെന്നുറപ്പുള്ള ആയിശ(റ)യുടെ ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഹദീസിനോട് യോജിച്ചതിനാല്‍ ഇത് സ്വീകരിക്കാവുന്നതാണ്. തന്നെയുമല്ല ഈ പരമ്പരയെ സംബന്ധിച്ച് പ്രസിദ്ധ ഹദീസ് നിരൂപകനായ ദഹബി പറയുന്നു.
  
اسناده وسط (ميزان الاعتدال  ص311)
'ഇതിന്‍റെ പരമ്പര മദ്ധ്യ നിലവാരം പുലര്‍ത്തുന്നു.'
ഇതേ ഹദീസിനെ പറ്റി ഇമാം സുയൂത്തി പറയുന്നത് നോക്കുക.
وما نقله عن صحيح ابن حبان غاية فيما ذهبنا إليه من تمسكنا بما في البخاري عن عائشة أنه كان لا يزيد في رمضان ولا في غيره على إحدى عشرة ; فإنه موافق له من حيث إنه صلى التراويح ثمانيا ثم أوتر بثلاث ، فتلك إحدى عشرة (الحاوى للفتاوى للسيوطي 1-249) 
'ഇബ്നു ഹിബ്ബാന്‍റെ സ്വഹീഹില്‍ നിന്ന് അദ്ദേഹം (ഇബ്നുഹജര്‍) ഉദ്ധരിച്ച ഹദീസ് നബി(സ) റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിക്കാറില്ല എന്ന ആയിശാ(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനോട് യോജിച്ചത്കൊണ്ട് നമ്മുടെ അഭിപ്രായത്തില്‍ അത് തറാവീഹ് എട്ടും വിത്ര്‍ മൂന്നും ആണെന്നതിന്‍റെ അങ്ങേയറ്റത്തെ തെളിവാണ്.'
ഇമാം സുയൂത്തി, ഇബ്നു ഹിബ്ബാന്‍റെ 'എട്ടും മൂന്നും പതിനൊന്ന്'  എന്ന റിപ്പോര്‍ട്ട് 'പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിക്കാറില്ല' എന്ന സ്വഹീഹാണെന്ന് ഉറപ്പുള്ള ഹദീസിനു പിന്‍ബലമാണെന്നും അത്കൊണ്ട് അത് സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
ഇബ്നു ഹിബ്ബാന്‍റെ ഈ ഹദീസ് ഇബ്നു ഖുസൈമഃ അദ്ദേഹത്തിന്‍റെ സ്വഹീഹിലും ഉദ്ധരിക്കുന്നുവെന്ന് امام زركشى അദ്ദേഹത്തിന്‍റെ الخادم ല്‍ പറഞ്ഞതായി ഇമാം സുയൂത്തി അല്‍ഹാവിലില്‍ ഫതാവായില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഹദീസിനെ പറ്റി തന്നെ ഇരുപതിന്‍റെ റിപ്പോര്‍ട്ട് പറ്റെ ضعيف ആണെന്നും ഇമാം شعبة നെപോലെയുള്ള ആളുകള്‍ കള്ളനാണെന്ന് പറഞ്ഞ ആള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലേക്ക് തിരിഞ്ഞു നോക്കുവാന്‍ പോലും പാടില്ലെന്നും വിവരിച്ചതിനു ശേഷം ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ദേഹത്തിന്‍റെ ഫത്താവല്‍ കുബ്റാഇല്‍ പറഞ്ഞത് നോക്കുക.
نعم روح ابنا حزيمة وحبان فى صحيحيهما انه صلى الله عليه وسلم صلى بهم ثمان ركعات ثم  اوتر ثم اتنظروه فى القابلة فلم يخرج اليهم (الفتاوى الكبرى 2-194)
 പക്ഷെ ഇബ്നു ഖുസൈമയും ഇബ്നുഹിബ്ബാനും രണ്ടു പേരുടെയും സ്വഹീഹുകളില്‍ നബി(സ) സഹാബാക്കളെ കൊണ്ട് എട്ടു റക്അത്തും വിത്റും നമസ്കരിച്ചുവെന്നും, അടുത്ത ദിവസം സഹാബാക്കള്‍ നബിയെ പ്രതീക്ഷിച്ചപ്പോള്‍ അവിടുന്ന് പുറത്തേക്ക് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി(സ) റമദാനിന്‍റെ മൂന്ന് രാത്രികളില്‍ നമസ്കരിച്ചത് പതിനൊന്ന് റക്അത്തായിരുന്നു എന്നതിന് മറ്റൊരു തെളിവും കൂടി.

.........روى ابو يعلي من حديث جابرين عبد الله قال جاء أبي بن كعب إلى رسول الله صلى الله عليه وسلم فقال: يا رسول الله إنه كان مني الليلة شيئ يعني في رمضان، قال ما ذاك يا أبي قال نسوة في داري قلن إنا لا نقرأ القرآن فنصلي بصلاتك قال فصليت بهن ثماني ركعات وأوترت، فكانت سنة الرضا ولم يقل شيئا قال الهيثمي في مجمع الزوائدا سناده حسن (تحفة الأحوذى للشيخ ابى العلى محمد عبد الرحمن بن عبد الرحيم المبار كفورى - 2 - 74)
'ജാബിറ്റ്(റ)ല്‍ നിന്ന് അബൂയഅ് ലാറിപ്പോര്‍ട്ട് ചെയ്യുന്നു.ഉബയ്യൂബിന്‍ കഅബ് (റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ റമദാനില്‍ ഇന്നലെ രാത്രി എന്നില്‍ നിന്ന് ഒരു സംഭവമുണ്ടായി. അതെന്താണ് ഉബയ്യേ എന്ന് തിരുമേനി ചോദിച്ചു. എന്‍റെ വീട്ടിലുള്ള സ്ത്രീകള്‍ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയില്ല, അത്കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു തരണമെന്നാവശ്യപ്പെട്ടു. അങ്ങിനെ ഞാനവര്‍ക്ക് എട്ട് റക്അത്തും വിത്റും ഇമാമായി നമസ്കരിച്ചു. നബി(സ) ഇതിനെ ആക്ഷേപിച്ചൊന്നും പറഞ്ഞില്ല. അതുകൊണ്ട് അത് നബി(സ) ഇഷ്ടപ്പെട്ട സുന്നത്തായി.'
ഇവിടെ നബി(സ) 11 റക്അത്ത് നമസ്കരിക്കുന്നതിന് മൗനാനുവാദം നല്‍കിയതായിട്ടാണ് കാണാന്‍ കഴിയുന്നത്.

1 comment:

  1. �� മുജാഹിദുകള്‍ ഇബാദത്ത് നബി(സ്വ) പഠിപ്പിച്ചതു പോലെ ജനങ്ങളെ പഠിപ്പിക്കുന്നവരും അനുഷ്ഠിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നവരുമാണ്. മുജാഹിദുകള്‍ക്ക് ഒരു പുതിയ ആദര്‍ശമോ നിലപാടോ ഇല്ല. അതിനാല്‍ നബി(സ്വ)യും സ്വഹാബത്തും രാത്രി നമസ്‌കാരം എത്ര റക്അത് നമസ്‌കരിച്ചു എന്നാണ് നോക്കേണ്ടത്. അതിന്റെയടിസ്ഥാനത്തിലാണ് ഈ തര്‍ക്ക വിഷയത്തിനും പരിഹാരം കാണേണ്ടത്....അല്ലാതെ മുജാഹിദ് വിരോധം അല്ല വേണ്ടത്

    ReplyDelete