പതിമൂന്നില്‍ രണ്ട് സുബ്ഹിയുടെ സുന്നത്ത്

നബി(സ) യുടെ രാത്രി നമസ്കാരം 11 നേക്കാള്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല എന്നും 13 റക്അത്തുകള്‍ നമസ്കരിച്ചുവെന്നും 2 ഹദീസുകളും, ആയിശ (റ) യില്‍ നിന്ന് തന്നെ വന്നിട്ടുണ്ട്. ഇവ പരസ്പര വിരുദ്ധങ്ങളല്ലേ എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ ചോദ്യം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാല്‍ 11 നേക്കാള്‍ വര്‍ദ്ധിപ്പിക്കാറില്ല എന്ന ഹദീസില്‍ സുബ്ഹിന്‍റെ 2 റക്അത്ത് സുന്നത്ത് ഉള്‍പ്പെടാതെയാണ് എണ്ണിയിട്ട്ള്ളത്. അത്  മുന്‍പ് വിവരിച്ചിട്ടുണ്ട്. എന്നാല്‍ 13 ന്‍റെ രിവായത്തില്‍ വിത്ര്‍ ഉള്‍പ്പടെയാണെണ്ണിയതെന്ന് ആയിശ(റ) തന്നെ പറയുന്നു

عن عائشة قالت كان النبي صلى الله عليه وسلم يصلى من الليل ثلاث عشرة ركعة منها الوتر وركعتا الفجر  - رواه البخارى, فتح البارى 20:3

ആയിശ(റ) എന്നിയ 13ല്‍ ഫജ്റിന്‍റെ രണ്ടു റക്അത്ത് സുന്നത്തും കൂട്ടിയെണ്ണിയതാണെന്ന്‍ ഇതില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ സൈദുബ്നു ഖാലിദില്‍ ജുഹ്നിയുടെയും ഇബ്നു അബ്ബാസിന്‍റെയും ഹദീസുകളില്‍ ഫജ്റിന്‍റെ 2 റക്അത്ത് സുന്നത്തല്ലാതെ തന്നെ 13 റക്അത്ത് നമസ്കരിച്ചതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ആ 2 റക്അത്ത് ഖിയാമുല്ലൈല്‍ ആരംഭിക്കുവാനുള്ള ലഘുവായ 2 റക്അത്തു കൂട്ടി എണ്ണിയതാണ്.

ആയിശ (റ) യില്‍ നിന്ന് ഇമാം മുസ്‌ലിം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു :

عن عائشة قالت كان رسول الله صلى الله عليه وسلم قام من الليل ليصلى افتتح صلاته بركعتين خفيفتين  - صحيح مسلم  262:1

നബി  (സ) രാത്രി നമസ്കാരം ലഘുവായ 2 റക്അത്ത് കൊണ്ടാരംഭിക്കാറുണ്ടായിരുന്നു - അപ്പോള്‍ ഈ ഹദീസുകള്‍ക്കിടയില്‍ വൈരുദ്ധ്യമില്ലെന്നു വ്യക്തം. ഇതു തന്നെയാണ് ഇമാം മാലിക് (റ) 11 റക്അത്തും 13 റക്അത്തും വളരെ അടുത്തവയാണെന്നു പറഞ്ഞതിന്‍റെ ചുരുക്കവും, ചുരുക്കം ചില സമയങ്ങളില്‍ വിത്റിലെ ഒറ്റ നമസ്കരിച്ചു കഴിഞ്ഞ ശേഷം ഇരുന്നു കൊണ്ട് 2 റക്അത്ത് നമസ്കരിച്ചിരുന്നുവെന്നും വന്നിട്ടുണ്ട്. ഇതും മേലുദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമല്ല.

                ഈ കാര്യം ശബീര്‍ അഹ്മദുഉസ്മാനീ തന്‍റെ മുസ്‌ലിമിന്‍റെ ശറഹായ ഫത്ഹുല്‍മുല്‍ഹിമി (വാള്യം 2 പേജ് 288) ലും ഹാഫിസ് ഇബ്നുഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരി (വാള്യം 3 പേജ് 20) യിലും, സര്‍ഖാനി തന്‍റെ ശറഹുസ്സര്‍ഖാനി (വാള്യം 1 പേജ് 227) ലും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

No comments:

Post a Comment