ഖിയാമുല്ലൈല്‍ (രാത്രി നമസ്കാരം)

രാത്രികാലത്ത് ഉറക്കത്തില്‍ നിന്നുണര്‍ന്നു നമസ്കാരം നിര്‍വഹിക്കുന്നത് വളരെയധികം പുണ്ണ്യമുള്ള കാര്യമത്രേ. പരിശുദ്ധഖുര്‍ആന്‍ ഇതിന്‍റെ പ്രാധാന്യം എടുത്തുപറയുകയും നബി(സ) ഇത് തുടര്‍ച്ചയായി നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ പറ്റി വിശുദ്ധഖുര്‍ആന്‍ പറയുന്നത് കാണുക:

(പുതപ്പിട്ടു) മൂടിയവനെ! രാത്രിയില്‍ അല്‍പ്പനേരമൊഴിച്ചു എഴുന്നേറ്റ് നമസ്കരിക്കൂ. അതിന്‍റെ പകുതി നമസ്കരിക്കൂ. അല്ലെങ്കില്‍ പകുതിയില്‍ നിന്ന് അല്‍പ്പം കുറയ്ക്കുക. അല്ലെങ്കില്‍ പകുതിയേക്കാള്‍ അല്‍പ്പം അധികരിപ്പിക്കുക. (നമസ്കാരത്തില്‍ ‍) ഖുര്‍ആന്‍ വ്യക്തമായും സാവധാനത്തിലും ഓതുകതീര്‍ച്ചയായും ഗൗരവമേറിയ വചനം നാം നിനക്ക് ഇട്ടു തരും. രാത്രി എഴുന്നേറ്റു നമസ്കരിക്കല്‍ ഹൃദയ സാന്നിദ്ധ്യത്തിനു ഏറ്റവും യോജിച്ചതും ഉച്ചാരണത്തെ കൂടുതല്‍ നന്നാക്കുന്നതുമാണ് (سورة المزمل 1-6)

പരിശുദ്ധഖുര്‍ആനില്‍ കറ കളഞ്ഞ വിശ്വാസം രേഖപ്പെടുത്തിയ സദ്‌വൃത്തരായ ആള്‍ക്കാരെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

ശയ്യകളില്‍ നിന്ന് അവരുടെ പാര്‍ശ്വഭാഗങ്ങള്‍ അകലും, ഭയത്തോടും അഭിലാഷത്തോടും കൂടി തങ്ങളുടെ നാഥനെ അവര്‍ പ്രാര്‍ഥിക്കും. നാം നല്‍കിയതില്‍ നിന്ന് അവര്‍ ചിലവഴിക്കും. അവരുടെ പ്രവര്‍ത്തനത്തിന് പ്രതിഫലമായി അവര്‍ക്ക് വേണ്ടി ഒളിപ്പിച്ചു വച്ചിട്ടുള്ള നയനാനന്ദകരമായ സുഖസൗകര്യങ്ങളെ സംബന്ധിച്ചു ഒരു മനുഷ്യനും അറിയുകയില്ല'       ( سورة السجدة 16-17)

ഈ വാക്യങ്ങള്‍ ഖിയാമുല്ലൈലിന്‍റെ പ്രാധാന്യത്തെ സുവ്വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യന്‍റെ സ്വഭാവ സംസ്കരണത്തിലും ജീവിതവിനിമയത്തിലും രാത്രി നമസ്കാരത്തിനു അതിന്‍റെയൊരു പങ്കു വഹിക്കാനുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ.

തറാവീഹിനെ സംബന്ധിച്ച് പറയുമ്പോള്‍ ഇവിടെ എന്തിനു രാത്രി നമസ്കാരത്തെ സംബന്ധിക്കുന്ന തെളിവുകളെടുത്ത് നിരത്തിയെന്ന് സംശയിച്ചേക്കും.  കാരണമിതാ: റമദാന്‍ മാസത്തിലെ രാത്രി നമസ്കാരത്തിനാണല്ലോ തറാവീഹ് എന്ന് പറയുന്നത്. മുകളില്‍ സൂചിപ്പിച്ച ആയത്തുകളില്‍ റമദാന്‍ മാസത്തെ പ്രത്യേകമായി പ്രധിനീധീകരിക്കുന്ന പ്രതിപാദനം വന്നിട്ടില്ലെങ്കിലും പൊതുവില്‍ രാത്രി നമസ്കാരത്തെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്.ഈ പൊതു സ്വഭാവം റമദാനിലെ രാത്രികളെ ഒഴിച്ചു നിര്‍ത്തുകയില്ലല്ലോ. അപ്പോള്‍ രാത്രി നമസ്കാരത്തെ സംബന്ധിക്കുന്ന പൊതുവായ ചര്‍ച്ച റമദാന്‍ കാലത്തിലെ രാത്രി നമസ്കാരത്തെയും ഉള്‍കൊള്ളുന്നുവെന്ന് മനസ്സിലാക്കാം.


No comments:

Post a Comment