ഖുലഫാഉര്‍റാശിദുകളുടെ കാലത്ത്

നബി(സ)യുടെ കാലത്ത് തറാവീഹിനെ സംബന്ധിക്കുന്ന സ്ഥിതി മുഴുവന്‍ വിവരിച്ചു കഴിഞ്ഞു. ഇനി ഖലീഫമാരുടെ കാലത്ത് തറാവീഹ് എത്ര റക്അത്തുകളായിട്ടാണ് നിര്‍വഹിക്കപ്പെട്ടത് എന്ന പ്രശ്നം അവശേഷിക്കുന്നു.
 
അബൂബക്കര്‍(റ)ന്‍റെ കാലത്ത് താറാവീഹ് പള്ളിയില്‍ വച്ച് ഒറ്റ ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ കാലത്ത് മൂന്ന് ദിവസം ജമാഅത്തായി നിര്‍വ്വഹിച്ച ശേഷം ഫര്‍ളാക്കപ്പെടുമെന്ന ഭയം കാരണം നിര്‍ത്തിക്കളഞ്ഞതാണല്ലോ; അതിനു ശേഷം ചിലര്‍ സംഘമായും ചിലര്‍ ഒറ്റക്കും നമസ്കരിക്കുകയായിരുന്നു പതിവ്. അബൂബക്കര്‍ (റ)ന്‍റെ കാലത്തും ഇതേ നില തുടര്‍ന്ന് വന്നു ഇമാം മാലിക് മുവത്വയില്‍ ഉദ്ധരിക്കുന്നത് നോക്കുക
 
قال ابن شهاب فتوفى رسول الله صلى الله عليه وسلم والامر على ذلك ثم كان الامر على ذلك فى خلافة ابى بكر وصدرا من خلافة عمر بن الخطاب, الموطأ للامام مالك (ج - 1  ص -122)
ഇബ്നു ശിഹാബ് പറയുന്നു: നബി(സ)യുടെ കാലത്ത് (മൂന്നോ നാലോ രാത്രി പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കുകയും  فرض ആക്കപ്പെടുമെന്നു ഭയപ്പെടുക കാരണം ജമാഅത്ത് ഉപേക്ഷിക്കുകയും ചെയ്തതിന് ശേഷം) ജമാഅത്തില്ലാതെ ഒറ്റക്കും ചെറുസംഘങ്ങളായും നമസ്കരിച്ചു കൊണ്ടിരിക്കെ നബി വഫാത്തായി. എന്നാല്‍ അബൂബക്കറി(റ)ന്‍റെ ഖിലാഫത്ത് കാലത്തും ഉമറി(റ)ന്‍റെ ഖിലാഫത്തിന്‍റെ ആരഭത്തിലും സ്ഥിതി അങ്ങിനെ ത്തന്നെയായിരുന്നു.
 
ഇതില്‍ മാറ്റം സംഭവിച്ചത് ഉമര്‍(റ)ന്‍റെ കാലത്താണ്. ഈ സംഗതി ഇമാം ബുഖാരിയുടെ ഹദീസുദ്ധരിച്ചുകൊണ്ട് മുന്‍പ് (ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട്  ഇമാം ബുഖാരിയുടെ ഹദീസ് കാണുക) വ്യക്തമാക്കിയിട്ടുണ്ട്. ഉമര്‍(റ) അന്ന് കല്‍പ്പിച്ചതനുസരിച്ച് എത്ര റക്അത്തുകളാണ് നമസ്കരിച്ചിരുന്നത് എന്നതാണ് അടുത്ത ചിന്താവിഷയം. ഇതും പതിനൊന്ന് റക്അത്തുകളായിരുന്നുവെന്ന് സ്വഹീഹായ ഹദീസുകള്‍ തെളിയിക്കുന്നു.
 
ഇമാം മാലിക്(റ) മുവത്വഅ് എന്ന തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നു:
عن محمد بن يوسف عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة قال وقد كان القارئ يقرأ بالمئين حتى كنا نعتمد على العصي من طول القيام وما كنا ننصرف إلا في فروع الفجر - الموطأ -1-239
'സാഇബുബ്നുയസീദില്‍ നിന്നുദ്ധരിക്കുന്നു. ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ധാരിയോടും ജനങ്ങള്‍ക്ക്‌ പതിനൊന്ന് റക്അത്ത് ഇമാമായി നിന്ന് നമസ്കരിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ ഇമാം നൂറുകണക്കില്‍ ആയത്തുകള്‍ ഓതിയിരുന്നു. അങ്ങിനെ ഞങ്ങള്‍ നിറുത്തത്തിന്‍റെ ദൈര്‍ഘ്യത്തില്‍ വടികള്‍ ഊന്നി നില്‍ക്കാറുണ്ടായിരുന്നു. പ്രഭാതോദയത്തോടെയല്ലാതെ ഞങ്ങള്‍ പിരിഞ്ഞു പോവാറുണ്ടായിരുന്നില്ല.'
 
ഉമര്‍ (റ) 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിച്ചതായി കാണിക്കുന്ന സ്വഹീഹായ ഒറ്റ റിപ്പോര്‍ട്ടുമില്ല. അദ്ദേഹത്തിന്‍റെ കാലത്ത് 20 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവെന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ദൗര്‍ബ്ബല്യങ്ങള്‍ നിരവധിയുണ്ട്. (എന്താണ് ഈ റിപ്പോര്‍ട്ടുകളുടെ ദൗര്‍ബ്ബല്യം എന്നറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- രോഗം ബാധിച്ച ഇരുപതുകള്‍ എന്ന പേജിലേക്ക് പോവുക)  ഉസ്മാന്‍ (റ) വോ അലി (റ)വോ 20 റക്അത്ത് നമസ്കരിച്ചതായും കല്‍പ്പിച്ചതായും സ്വഹീഹായ റിപ്പോര്‍ട്ടില്ല. ഉള്ള റിപ്പോര്‍ട്ടുകളത്രയും ദുര്‍ബലങ്ങളാണെന്നര്ത്ഥം.
 

1 comment:

  1. This comment has been removed by the author.

    ReplyDelete