ഇരുപതിന്‍റെ ജനനം

ഉമര്‍(റ)ന്‍റെ കാലശേഷമാണ് 20 റക്അത്തിന്‍റെ ജനനമുണ്ടായത്. ഉമര്‍(റ) കാലത്ത് ഉമര്‍(റ) എത്ര റക്അത്താണ് നമസ്കരിക്കാന്‍ കല്‍പ്പിച്ചതെന്നു മുന്‍പ് വിശദീകരിച്ചു. (അത് കാണാന്‍ ഖുലഫാഉര്‍റാശിദുകളുടെ കാലത്ത്  എന്ന പേജിലേക്ക് പോവുക). അത് പോലെത്തന്നെ അദ്ദേഹത്തിന്‍റെ കാലത്ത് 20 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവെന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിരവധി ദൗര്‍ബ്ബല്ല്യങ്ങളുണ്ട്‌താനും. (എന്താണ് ഈ റിപ്പോര്‍ട്ടുകളുടെ ദൗര്‍ബ്ബല്യം എന്നറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- രോഗം ബാധിച്ച ഇരുപതുകള്‍ എന്ന പേജിലേക്ക് പോവുക.) ഈ വിഷയം ഇമാം സുയൂത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണുക.

ورأيت فى كتاب سعيد بن منصور آثارافى صلاة عشرين ركعة وست وثلاثين ركعة لكنها بعد زمان عمر بن الخطاب - الحاوئ للفتاوى للسيوطى 1-35
സഈദുബ്നു മന്‍സൂറിന്‍റെ കിത്താബില്‍ 20 റക്അത്തിന്‍റെയും 36 റക്അത്തിന്‍റെയും ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. പക്ഷെ അതെല്ലാം ഉമര്‍ (റ)ന്‍റെ കാലശേഷം ഉണ്ടായതാണ്.

ഇമാം ഖസ്തലാനി അദ്ദേഹത്തിന്‍റെ  المواهب اللدنية യില്‍ പറയുന്നു.
وقد روى محمد بن نصر من طريق داو دبن قيس قال : ادركت الناس فى امارة ابان بن عثمان وعمر بن العزيز يعنى بالمدينة يقومون بست وثلاثين ويوترون بثلاث - المواهب اللدنية 2-266
'ദാവൂദുബ്നുഖൈസില്‍ നിന്ന് മുഹമ്മദ്‌ബ്നു നസ് ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാനുബ്നു ഉസ്മാന്‍റെയും ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും കാലത്ത് മദീനയിലെ ജനങ്ങള്‍ 36  റക്അത്തും മൂന്ന് വിത്റും നമസ്കരിച്ചതായി ഞാന്‍ കണ്ടു.'

ഈ റിപ്പോര്‍ട്ട് ഫത്ഹുല്‍ ബാരി 4-ആം വാള്യം 235-ആം പേജിലും ശറഹുസ്സര്‍ഖാനി ഒന്നാം വാള്യം 230-ആം പേജിലും ഉദ്ധരിച്ചിട്ടുണ്ട്.

ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും അബാനുബ്നു ഉസ്മാന്‍റെയും ഭരണകാലം ഉമര്‍(റ) ന്നു ശേഷമാണല്ലോ. ഉമര്‍(റ) ന്‍റെ മരണം ഹിജ്റ 22-ആം വര്‍ഷം ദുല്‍ഹജ്ജ് 23-ആം തിയ്യതിയാണ്. ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെ ജനനം ഹിജ്റ 60ലും മരണം 101 ലുമാണ്. അബാനുബ്നു ഉസ്മാന്‍ മദീനയില്‍ ഗവര്‍ണ്ണര്‍ ആയത് അബ്ദുല്‍ മലിക്ക്ബ്നു മര്വ്വാന്‍ ഖലീഫയായ കാലത്താണ്. അബ്ദുല്‍ മലിക്ക് ജനിച്ചതാവട്ടെ ഹിജ്റ 26 ലും മരിച്ചത് 86 ലുമാണ്. അദ്ദേഹത്തിന്‍റെ ഭരണകാലമാരഭിക്കുന്നത് ഹി: 65 ലാണ്.

ഈ കാര്യങ്ങള്‍ താരീഖുല്‍ഖരീസ് 2-ആം വാള്യം 306,356 എന്നീ പേജുകളിലും മുഹാളറാത്തുത്താരീഖില്‍ ഉമമില്‍ ഇസ്ലാമി 2-ആം വാള്യം 22-ആം പേജിലും മറ്റു പല ചരിത്രഗ്രന്ഥങ്ങളിലും കാണാം.

ഇത്രയും കാര്യങ്ങള്‍ കണക്കു കൂട്ടി പറഞ്ഞത് ഉമറുബ്നു അബ്ദില്‍ അസീസിന്‍റെയും അബാനുബ്നു ഉസ്മാന്റെയും ഭരണകാലത്ത് ജനങ്ങള്‍ 36 റക്അത്ത് നമസ്കരിച്ചിരുന്നുവെന്നത് ഉമര്‍(റ)ന്‍റെ മരണത്തിനു വളരെ പിറകിലായിരുന്നു എന്ന് കാണിക്കാനാണ്. ചുരുക്കത്തില്‍,  ഇരുപതും അതിലധികമുള്ള റക്അത്തുകളുടെയും ജനനം ഉമര്‍(റ)ന്‍റെ കാലശേഷമത്രേ. ഇമാം മാലിക് (റ) 11,13 എന്നിവയിലധികം റക്അത്തുകളുടെ ഉത്ഭവം എന്നാണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞതിന്‍റെ താല്‍പര്യവും ഇത് തന്നെയാണ്. (മാലിക്കിന്റെ വാചകം കാണാന്‍ ഇവിടെ ക്ലിക്ക്ചെയത് 'മദ്ഹബുകളുടെ നിലപാട്' എന്ന പേജില്‍ 2-മാലിക്കി മദ്ഹബില്‍ എന്ന ഹെടടിംഗിനു താഴെ പരിശോധിക്കുക).

No comments:

Post a Comment